ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

അമിതമായ ആത്മവിശ്വാസം നല്ലതല്ല.

നിങ്ങള്‍ ഇന്റര്‍നെറ്റില്‍ അമിതമായ താല്പര്യം കാണിക്കാത്തവരും, സൈബര്‍ ലോകത്തെ അപകടങ്ങളെ പറ്റി ബോധ്യമുള്ളവരും, സ്വന്തം സ്വകാര്യതയും മറ്റു വിവരങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യം വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നവരും ആയിരിക്കാം. എന്നാല്‍ ഓണ്‍ലൈന്‍ വഴി കണ്ടെത്തുന്ന പുതിയ സുഹൃത് ബന്ധങ്ങളെ പറ്റിയോ, ചെന്നു ചേരുന്ന പുതിയ കൂട്ടായ്മകളെ പറ്റിയോ, 'നല്ല പുള്ളിക്കാരന്‍' എന്നു വിശ്വസിക്കുന്നവരെ പറ്റിയോ നിങ്ങള്‍ക്കെന്തെങ്കിലും വിശദമായി അറിയാമോ? ഈ ഓണ്‍ലൈന്‍ സൗഹൃദങ്ങളിലെ സുഹൃത്തക്കളെ നേരിട്ട് കാണാന്‍ പോകുന്ന വിവരം രക്ഷാകര്‍ത്താവിനെയോ/ ഭാര്യയെയോ/ഭര്‍ത്താവിനയൊ/സുഹൃത്തിനെയോ അറിയിക്കാറുണ്ടോ ? ചിന്തിക്കു!

വിവരങ്ങള്‍ പരിധി വിട്ട് പങ്കുവയ്ക്കരുത്.

ഇന്ന് ഊഷ്മളമായ ബന്ധം എന്നു നിങ്ങള്‍ വിശ്വസിക്കുന്ന ഒരു ബന്ധം നാളെ ഒരു അപകടമായികൂടായ്കയില്ല. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ആ സുഹൃത്തുമായി പങ്കു വച്ച സ്വകാര്യ ഫോട്ടോകള്‍, മെയിലുകള്‍, അമ്പരപ്പോ ലജ്ജയോ ഉളവാക്കുന്ന വീഡിയോകള്‍ എന്നിവ നിങ്ങളുടെ പൂര്‍വ്വ പങ്കാളിയുടെ കൈവശമായി കഴിഞ്ഞിരിക്കും. അവ തിരിച്ചു ലഭിച്ചില്ലെന്നു വന്നേക്കാം. അവ ആ വ്യക്തി ദുരുപയോഗം ചെയ്‌തേക്കാം അതിനാല്‍ അത്തരം പ്രവര്‍ത്തികള്‍ ആലോചിച്ചു മാത്രം ചെയ്യുക.

സ്വകാര്യതകള്‍ കഴിവതും വെളിപ്പെടുത്തരുത്.

നിങ്ങളുടെ ദുര്‍ബ്ബലതകള്‍ ചൂഷണം ചെയ്യാന്‍ തയ്യാറായി കാത്തിരിക്കുന്ന വഞ്ചകരായ കഥാപാത്രങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ടാകാം. ഒരു അവധി ദിവസം എവിടെ ചിലവഴിക്കാമെന്ന് നിങ്ങള്‍ തീരുമാനിക്കുന്ന വിവരം അഥവാ ഒരു രസത്തിനായി നിങ്ങള്‍ പോസ്റ്റ് ചെയ്ത നിങ്ങളുടെ അമ്പരിപ്പിക്കന്ന ഫോട്ടോയൊ മറ്റു സ്വകാര്യ വസ്തുതകളോ അസൂയാലുവായ സുഹൃത്തിനോ, കുറ്റവാളിയായ പങ്കാളിക്കോ, നിങ്ങള്‍ തക്ക മറുപടി നല്കിയ ഒരു ഭീക്ഷണിക്കാരനോ ലഭിക്കാനും അയാളത് ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്.

പാസ്‌വേഡുകള്‍ പങ്കുവയ്ക്കരുത്.

നിങ്ങളുടെ സുഹൃത്തിനെ അഥവാ പങ്കാളിയെ അന്ധമായി വിശ്വാസിക്കാറുണ്ട്. ഒരു മോശമായതോ കയ്‌പ്പേറിയ അനുഭവത്താലോ ആ സുഹൃത്ബന്ധം അവസാനിച്ചാലോ, തകര്‍ന്നാലോ അതു നിങ്ങള്‍ക്ക് ഏറെ ദോഷമായേക്കാം. സാമൂഹ്യ മാധ്യമങ്ങളില്‍ അപഖ്യാതിയും, സാമ്പത്തിക തട്ടിപ്പുകളും ക്രമക്കേടും മറ്റും ഭയന്ന് ധാരാളം പെണ്‍ക്കുട്ടികള്‍ ഇത്തരം ബന്ധങ്ങള്‍ തകരുമ്പോള്‍ ആത്മഹത്യ ചെയ്യുന്നണ്ടെന്ന കാര്യം ഓര്‍ക്കുക.

വെബ് ക്യാമറകള്‍ ആവശ്യമില്ലാത്തപ്പോള്‍ വിച്ഛേദിക്കുക.

ക്യാമറ ഓണായി നിങ്ങളുടെ ചലനങ്ങള്‍ രഹസ്യമായി റകോർഡ് ചെയ്യാന്‍ കഴിയുന്ന പല ആപ്ലിക്കേഷനുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ആയതുകൊണ്ട് നിങ്ങളുടെ വെബ് ക്യാമറ ആവശ്യമില്ലാത്തപ്പോള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ശ്രദ്ധിക്കുക .

നിയമാനുസൃതമല്ലാത്ത വസ്തുതകള്‍ നിങ്ങളുടെ ഫോണ്‍/ലാപ്‌ടോപ് വഴി ഡൗൻലോഡ് ചെയ്യാന്‍ മറ്റുള്ളവരെ അനുവദിക്കരുത്.

നിങ്ങളുടെ സ്വന്തം ലാപ്‌ടോപ്പ് വഴിയോ ഫോണ്‍ വഴിയോ നിയമാനുസൃതമല്ലാത്ത വസ്തുക്കള്‍ മറ്റാരെങ്കിലും ഡൗൻലോഡ് ചെയ്താല്‍ അതിന്റെ ഭവിഷ്യത്ത് നന്നായി അറിയാമല്ലോ. മാത്രമല്ല തുടര്‍ന്ന്‍ നിങ്ങള്‍ക്ക് വരുന്ന മെസേജുകളും മെയിലുകളും നോട്ടുകളും മറ്റും അവര്‍ കൈകാര്യം ചെയ്‌തെന്നും വരാം. നിങ്ങളുടെ ഇത്തരം ഉപകരണങ്ങള്‍ പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ആര്‍ക്കുവേണമെങ്കിലും ഇവ കൈകാര്യം ചെയ്യാനും ശേഖരിച്ചിട്ടുള്ള വസ്തുതകള്‍ നഷ്ടപ്പെടുത്താനും കഴിയും. ഓണ്‍ലൈന്‍ സുഹൃത്തുകളെ നേരില്‍ കാണാന്‍ പോകുമ്പോള്‍ വേണ്ടപ്പെട്ടവരെ വിവരം അറിയിക്കണം.

സെക്യൂരിറ്റി സോഫ്റ്റ്‌വെയറുകള്‍ കാലഹരണപ്പെട്ടാല്‍ അവ അപ്‌ഗ്രേഡ് ചെയ്യുന്നതില്‍/പുതുക്കുന്നതില്‍ അനാസ്ഥ കാണിക്കരുത്. തിരക്കേറിയ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്വന്തം സുരക്ഷയ്ക്ക് ഏറ്റവും അവസാനം മാത്രം പ്രാധാന്യം കല്‍പ്പിക്കുന്നത് കൊണ്ട് സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ കാലഹരണപ്പെട്ടാല്‍ പലരും ശ്രദ്ധിക്കാറില്ല. പലപ്പോഴും പുതിയ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ ഗൗരവം കാണിക്കാറില്ല. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതു വഴി നിങ്ങള്‍ ചെന്ന് ചാടുന്നത് അപകടത്തിലേക്കാവാം. സുരക്ഷിതത്വത്തിനായി സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗപ്പെടുത്തുക.ഇത്തരം ആപ്ലിക്കേഷനുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. അവയുടെ ആധികാരികത/വിശ്വാസ്യത ഉറപ്പാക്കിയശേഷം പ്രയോജനപ്പെടുത്താവുന്നതാണ്.

TIPS

 1. നിയമാനുസൃതമായി അനുവദനീയമായ സൈറ്റുകള്‍ മാത്രം കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കുക.
 2. ' https' ല്‍ തുടങ്ങുന്ന വൈബ്‌സൈറ്റുകള്‍ സുരക്ഷിതമായവയാണ്. അല്ലാത്തവ (' http ') ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.
 3. സ്വന്തം പാസ്‌വേഡ് മറ്റുള്ളവരോട് വെളിപ്പെടുത്തരുത്.
 4. അപരിചിതരുടെ ഇ-മെയിലുകള്‍ തുറക്കരുത്.
 5. മറ്റുള്ളവരുടെ സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനും സ്വന്തം സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനും ഉള്ള അതേ പ്രാധാന്യം തന്നെ നല്‍കുക.
 6. ചാറ്റിങ്, ഇ-മെയില്‍ തുടങ്ങി ഓണലൈന്‍ സേവനങ്ങള്‍ മുഖാന്തിരം ലഭിക്കുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും അന്ധമായി വിശ്വസിക്കരുത്
 7. വ്യക്തിപരമായ വിവരങ്ങള്‍, ഫോട്ടോകള്‍ കുടുംബത്തിന്റെ വിശദവിവരങ്ങള്‍ തുടങ്ങിയവ അപരിചിതരുമായി പങ്കുവയ്ക്കരുത്.
 8. അസ്വസ്ഥത ഉളവാക്കുന്ന മെയിലുകള്‍ ലഭിച്ചാല്‍ രക്ഷകര്‍ത്താക്കളെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാന്‍ തെല്ലും മടിക്കരുത്.
 9. ഓണലൈന്‍ സുഹൃത്തിനെ നേരിട്ട് കാണാന്‍ ഉള്ള ക്ഷണം കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.
 10. ഓണലൈന്‍ വസ്തുതകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍, കോപ്പിറൈറ്റ് സംബന്ധിച്ച വിഷയത്തെപ്പറ്റി അവബോധം ഉണ്ടാക്കണം.
 11. സംശയാസ്പദമായ ലിങ്കുകളില്‍ (URL) ക്ലിക്ക് ചെയ്യരുത്.
 12. ചില മൊബൈല്‍/കമ്പ്യൂട്ടര്‍ ആപ്പ്ളിക്കേഷന്‍ സോഫ്റ്റ്‌വെയറുകള്‍ പണം നല്‍കാതെ (ഫ്രീ ആയി) ഡൗൻലോഡ് ചെയ്യുമ്പോള്‍ അവയില്‍ വൈറസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാര്യം ഓര്‍ക്കുക.